06:39pm 06 November 2026
NEWS
ശ്രീകൃഷ്ണനെക്കുറിച്ചുള്ള പരാമർശം വിവാദത്തിൽ; മതപ്രഭാഷകനെതിരെ മാനനഷ്ടക്കേസ്
06/11/2026  11:09 AM IST
nila
ശ്രീകൃഷ്ണനെക്കുറിച്ചുള്ള പരാമർശം വിവാദത്തിൽ; മതപ്രഭാഷകനെതിരെ മാനനഷ്ടക്കേസ്

 

ലക്നൗ: ശ്രീകൃഷ്ണനെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണത്തിൽ പ്രമുഖ മതപ്രഭാഷകൻ ധീരേന്ദ്ര ശാസ്ത്രിക്കെതിരെ കോടതിയിൽ ക്രിമിനൽ മാനനഷ്ടക്കേസ്. ആഗ്ര കോടതിയിലാണ് അഭിഭാഷകനായ അജയ് പ്രതാപ് സിങ് പരാതി നൽകിയത്. ശാസ്ത്രിയുടെ പ്രസംഗം ശ്രീകൃഷ്ണന്റെ വംശപരമ്പരയിൽപ്പെട്ടവരുടെ മതവികാരത്തെയും സാമൂഹിക അന്തസ്സിനെയും മുറിപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം.

മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ കരേരയിൽ നടന്ന രാമകഥാ പ്രഭാഷണത്തിനിടെയായിരുന്നു വിവാദത്തിന് ഇടയാക്കിയ പരാമർശം. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശാരീരിക രൂപങ്ങൾ താരതമ്യം ചെയ്തുകൊണ്ടുള്ള ശാസ്ത്രിയുടെ പ്രസ്താവനയാണ് പരാതിക്ക് ആധാരം.

ദ്വാപരയുഗത്തിൽ മനുഷ്യരൂപത്തിൽ അവതരിച്ച ശ്രീകൃഷ്ണന്റെ വംശപരമ്പര ഇന്നും ഇന്ത്യയിൽ നിലനിൽക്കുന്നുണ്ടെന്നാണ് അജയ് പ്രതാപ് സിങ്ങിന്റെ വാദം. ഇതിന് തെളിവായി ജാദൂൻ, ജഡേജ, ഭാട്ടി തുടങ്ങിയ സമുദായങ്ങളുടെ ചരിത്രപരമായ പശ്ചാത്തലവും അദ്ദേഹം ചൂണ്ടിക്കാട്ടി. മാതാവിന്റെ കുടുംബവഴി താനും ശ്രീകൃഷ്ണന്റെ വംശപരമ്പരയിൽപ്പെട്ടയാളാണെന്നും പരാതിക്കാരൻ അവകാശപ്പെട്ടു.

ധീരേന്ദ്ര ശാസ്ത്രിയുടെ പരാമർശം കൃഷ്ണവംശജരുടെ മതവികാരത്തെ വ്രണപ്പെടുത്തിയതിനൊപ്പം സമൂഹത്തിൽ അവരുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നും പരാതിയിൽ പറയുന്നു. കേസിൽ ഡിസംബർ 14ന് വിശദമായ വാദം നടക്കും.

അതിനിടെ, വിവാദ പ്രസംഗകരെ മതപരിപാടികളിൽ പങ്കെടുപ്പിക്കുന്നതിൽ നിന്ന് സംഘാടകരും സ്പോൺസർമാരും വിട്ടുനിൽക്കണമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. എന്നാൽ, അഖിലേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരി രംഗത്തെത്തി. സ്വന്തം പെരുമാറ്റം തിരുത്തേണ്ടവർ മറ്റുള്ളവർക്ക് ഉപദേശം നൽകാൻ വരേണ്ടതില്ലെന്ന അർഥത്തിൽ രാമചരിതമാനസത്തിലെ വരികൾ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img